ഇലക്ഷൻ ഡ്യൂട്ടി : ജീവനക്കാർക്ക് വോട്ട് ഉറപ്പാക്കണം. ജോയിന്റ് കൗൺസിൽ

ഇലക്ഷൻ ഡ്യൂട്ടി : ജീവനക്കാർക്ക് വോട്ട് ഉറപ്പാക്കണം. ജോയിന്റ് കൗൺസിൽ

ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ആവശ്യപ്പെട്ടു. നിരവധി ജീവനക്കാർക്ക് ഇനിയും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ആവശ്യമായ വി.എഫ്.സി (Voting Facilitation Centres)കൾ ഒരുക്കി വോട്ടവകാശം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും മേയ് 3 വരെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ വി.എഫ്.സി ക്രമീകരിക്കുക, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവർത്തിച്ച ബി.എൽ.ഒമാർക്ക് വർദ്ധിപ്പിച്ച നിരക്കിൽ വേതനം നൽകുക, ബി.എൽ.ഒയെ കൈയേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിച്ച ബി.എൽ.ഒമാർക്ക് വേതനം അനുവദിക്കുക, വോട്ട് ചെയ്യാൻ കഴിയാത്ത ജീവനക്കാരുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുക എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ആൻസ് ജോൺ, എ.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് എം.എസ്. ശ്രീകുമാർ, പി.ടി. ഉണ്ണി, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, എസ്. സുകുമാരൻ, വി.എം. ഷൗക്കത്തലി, എൻ.കെ. സജൻ എന്നിവർ നേതൃത്വം നൽകി.