ഇടമലക്കുടിയില്‍ റേഷന്‍ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ഭക്ഷ്യ കമ്മിഷൻ

ഇടമലക്കുടിയില്‍ റേഷന്‍ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ഭക്ഷ്യ കമ്മിഷൻ

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പ്രദേശത്ത് പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4

ഇടമലക്കുടി ഗിരിജൻ സൊസൈറ്റി സെക്രട്ടറിയുടെ പേരിലുള്ള ലൈസൻസോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കുടി, വെള്ളവരക്കുടി മേഖലകളിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ടിരുന്ന 64,000 കിലോ അരിയാണ് കാണാതായതായി കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രദേശവാസികള്‍ക്ക് റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെ നടപടി ആവശ്യമാണ്. പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ആർ. സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജെമി ജോസ് എന്നിവർക്കെതിരെ കർശന നടപടിക്ക് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.

കൂടാതെ, ലൈസൻസിയ്ക്കും മറ്റു ബന്ധപ്പെട്ടവർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. റേഷന്‍ ലഭിക്കാതെ പോയ ഗുണഭോക്താക്കളെ പഞ്ചായത്തുമായി ചേര്‍ന്ന് അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാക്കാന്‍ കമ്മിഷന്‍ ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.