ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു : ഒരാൾക്ക് ദാരുണാന്ത്യം
രാജാക്കാട് : ചെമ്മണ്ണാറിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു.
ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലാണ് അപകടം നടന്നത്.
വട്ടപ്പാറ ഭാഗത്ത് നിന്ന് ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ് മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിലെ നേർച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ താഴേക്ക് പതിച്ചു.
വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിനുവിന്റെ ദേഹത്തിലൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.


