ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴുന്നു
കഴിഞ്ഞ വർഷത്തേക്കാൾ 10.08 അടി കുറവ് ജലമാണ് നിലവിൽ ഡാമിൽ ഉള്ളത്
ഇടുക്കി: കടുത്ത വേനൽ ചൂടിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.08 അടി കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന മേഖലയ്ക്ക് ആശങ്ക ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഇതേ സമയം 2343.92 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അത് 2333.84 അടിയായി താഴ്ന്നിട്ടുണ്ട്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. നിലവിൽ വൈദ്യുതി ഉൽപാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
വേനൽമഴ ലഭിക്കാത്തതും ഉയർന്ന താപനിലയും മൂലം ജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതും ഡാമിലേക്കുള്ള നീരൊഴുക്കുകൾ കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്. സംസ്ഥാനത്തെ ജലസംഭരണികളിൽ ആകെ 32 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 41 ശതമാനമായിരുന്നു.
1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിന് വേണ്ട ജലമാണ് നിലവിൽ ശേഷിക്കുന്നത്. സംസ്ഥാനത്ത് ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇടുക്കിയിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ നിന്ന് ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റും ലഭിക്കുന്നു.
കാലവർഷം ആരംഭിക്കാൻ ഇനിയും ഏകദേശം 35 ദിവസം ബാക്കി നിൽക്കുന്നതിനാൽ, വേനൽമഴ ലഭിക്കാത്ത പക്ഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 115.9 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 67 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്.


