ജില്ലയിൽ ഹർത്താൽ ഭാഗികം, 22 പേർ അറസ്റ്റിൽ
ഇടുക്കി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. ഭൂരിഭാഗം മേഖലകളും സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടൊപ്പം തോട്ടം മേഖലയിലെ തൊഴിലാളികൾ പതിവുപോലെ ജോലിക്കെത്തി. വാഗമണ്ണിലും സഞ്ചാരികൾ ധാരാളമായി എത്തിയെങ്കിലും വാഗമൺ, ഏലപ്പാറ, 35-ാം മൈൽ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ഭക്ഷണം ഉൾപ്പെടെ ലഭ്യമാകുന്നതിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.
മുണ്ടക്കയം ഈസ്റ്റ് ടി.ആർ & ടി, ടൈഫോർഡ്, ഹെലിബറിയ, പുള്ളിക്കാനം, മലങ്കര ടീ കമ്പനി തുടങ്ങിയ തോട്ടങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സഹകരണ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും ഹർത്താൽ ദിനത്തിലും തുറന്നു പ്രവർത്തിച്ചു.
തൊടുപുഴ നഗരത്തിൽ വാഹനം തടയാനെത്തിയവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് 22 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
എന്നാൽ കട്ടപ്പന മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്വകാര്യ വാഹനങ്ങളും ഏതാനം ചില കെഎസ്ആർടിസി ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.സ്വകാര്യ ബസ്സുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.
കട്ടപ്പനയിൽ ബെവ്‌കോ ഔട്ട്‌ലെറ്റും ചില സർക്കാർ സ്ഥാപനങ്ങളും സമരാനുകൂലികൾ നിർബന്ധപൂർവ്വം അടപ്പിച്ചു.
അടിമാലിയിൽ രാവിലെ ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചു. പീരുമേട്ടിൽ ഹർത്താൽ പൂർണമായിരുന്നു. പാമ്പനാർ, പീരുമേട് മേഖലകളിൽ സ്ഥാപനങ്ങൾ അടപ്പിച്ചെങ്കിലും പിന്നീട് പലതും തുറന്നു.
കോട്ടയം-കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ ഓടിയില്ല.ഇന്നലെ എംജി സർവകലാശാല പരീക്ഷ നടത്തിയത് വിദ്യാർത്ഥികളെയും ബാധിച്ചു.


