മൂന്നരപ്പതിറ്റാണ്ടിന് ശേഷം സമ്പൂർണ വിജയം : ജില്ലയിൽ 5 നിയോജകമണ്ഡലത്തിലും യുഡിഎഫ്

മൂന്നരപ്പതിറ്റാണ്ടിന് ശേഷം സമ്പൂർണ വിജയം : ജില്ലയിൽ 5 നിയോജകമണ്ഡലത്തിലും യുഡിഎഫ്

മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇടുക്കി ജില്ലയിൽ യുഡിഎഫിന് ഉജ്വല വിജയം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെന്നറിയപ്പെട്ടിരുന്ന മണ്ഡലങ്ങൾ പോലും തകർന്നടിഞ്ഞു.

തൊടുപുഴയിൽ കേരള കോൺഗ്രസിലെ അപു ജോൺ ജോസഫ് 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടു. മുൻ മന്ത്രി എം. എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനും തോറ്റു. ദേവികുളത്ത് സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം ഏറ്റുവാങ്ങി.

ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് വിട്ടുനൽകിയ മുന്നണി തീരുമാനം യുഡിഎഫിന് ഗുണകരമായെന്ന വിലയിരുത്തലാണ് ഉയരുന്നത്. 1991-ന് ശേഷം ആദ്യമായാണ് ജില്ലയിൽ യുഡിഎഫ് സമ്പൂർണ വിജയം നേടുന്നത്.

ജില്ലയിലെ ഭൂപ്രശ്നങ്ങൾ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗ ശല്യം, കാർഷിക മേഖലയോടുള്ള അവഗണന, നികുതി വർധന, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് പ്രധാന പ്രചാരണായുധമാക്കി. ഈ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ജനരോഷം ബാലറ്റിലൂടെ പ്രകടമായി.

നിർമാണനിരോധനം, പട്ടയ പ്രശ്നങ്ങൾ, വനവത്കരണം, കർഷകരോട് വനംവകുപ്പിന്റെ നിലപാട് തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാത്തതും തെരഞ്ഞെടുപ്പിൽ നിർണായകമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് വോട്ടർമാർ വിലയിരുത്തിയതായും സൂചനയുണ്ട്.

ആദ്യഘട്ടമായ പോസ്റ്റൽ ബാലറ്റുകളിൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ നിന്നിരുന്നുവെങ്കിലും, ഇവിഎം വോട്ടെണ്ണൽ പുരോഗമിച്ചതോടെ യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്ക് കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വന്തമാക്കിയത്.