നെടുംകണ്ടം ഇരട്ടക്കൊല: പ്രതി സജി പൊലീസ് കസ്റ്റഡിയിൽ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം

നെടുംകണ്ടം ഇരട്ടക്കൊല: പ്രതി സജി പൊലീസ് കസ്റ്റഡിയിൽ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം

നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്തമകൻ റെജിയെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.

ഇരട്ടക്കൊലയ്ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യംചെയ്യൽ ശക്തമാക്കുന്നത്. മൃതദേഹങ്ങൾ മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും സജിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളിവിൽ കഴിയുന്നതിനിടെ മലമുകളിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് സജി പൊലീസിനോട് പറഞ്ഞത്. ഇയാളെ കൂട്ടിക്കൊണ്ടുപോയി സ്ഥലത്ത് തെരച്ചിൽ നടത്തും.

അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ പിന്നിലെ കാരണം വ്യക്തമാക്കുന്നതിനും അന്വേഷണം കേന്ദ്രീകരിക്കും. 2018-ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കും. അന്ന് വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കേസ് നിർത്തിവച്ചിരുന്നു.

ഇതിനിടെ, അടുത്ത ബന്ധുക്കളായ രണ്ട് പേരെ സജി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തെളിവുകൾ ശേഖരിച്ച ശേഷം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.

കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.