വീട്ടമ്മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് : നടന്നത് കൊലപാതകം എന്ന് സ്ഥിരീകരിച്ചു

വീട്ടമ്മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് : നടന്നത് കൊലപാതകം എന്ന് സ്ഥിരീകരിച്ചു

ഇടുക്കി ശങ്കരപാണ്ഡ്യമെട്ടില്‍ ജഗന്‍ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായ രാമകൃഷ്ണനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മെയ് 4-ന് ഉച്ചയോടെയാണ് ശാന്തിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്.

തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.

ശാന്തിയും രാമകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണന്‍ വീട്ടിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.