വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം: കെ.ടി.ജി.എ
മുട്ടം പഞ്ചായത്ത് പരിധിയിലെ വഴിയോര തുണിക്കച്ചവടം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പഞ്ചായത്ത് സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം എസ്.എച്ച്.ഒ സുനിൽ വി.ആർ എന്നിവർക്ക് അസോസിയേഷൻ നിവേദനം നൽകി.
തൊടുപുഴ നഗരസഭ പരിധിയിൽ നിന്ന് പൊലീസ്-നഗരസഭ സംയുക്ത നടപടിയിലൂടെ ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർ മുട്ടം മേഖല കേന്ദ്രീകരിച്ച് വീണ്ടും വ്യാപാരം ആരംഭിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ സ്ഥിരം വസ്ത്ര വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു.
വൃത്തിഹീന സാഹചര്യങ്ങളിൽ എത്തിക്കുന്ന പഴയ വസ്ത്രങ്ങൾ റീവാഷ് ചെയ്ത് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നതെന്നും, കുറഞ്ഞ വിലയെന്ന പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നും കെ.ടി.ജി.എ ഭാരവാഹികൾ പറഞ്ഞു.
വഴിയോര കച്ചവടം നിയന്ത്രിക്കാൻ പൊലീസിന്റെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി അസോസിയേഷൻ അറിയിച്ചു. നടപടികൾ വൈകിയാൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
മേഖല പ്രസിഡന്റ് അനസ് പി. അസീസ്, ജനറൽ സെക്രട്ടറി ബി.എം. നസീർ, ട്രഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.


