പ്ലസ് വണ്‍ പ്രവേശനം : ഇന്ന് മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം : ഇന്ന് മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാനത്ത് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം (Single Window System) വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. ഇത്തവണ 4,10,456 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ 3,60,844 പ്ലസ് വണ്‍ സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍, ഇത്തവണ അലോട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തിയ ശേഷമേ അധിക ബാച്ചുകളോ സീറ്റുകളോ അനുവദിക്കൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അലോട്ട്‌മെന്റ് സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആവശ്യമായ രേഖകള്‍

പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി, എസ്‌ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരിക്കുന്നത്.

പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ പിന്നീട് സമര്‍പ്പിക്കാന്‍ നിശ്ചിത സമയം അനുവദിക്കും. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകളും പ്രവേശനത്തിനുശേഷം നല്‍കാവുന്നതാണ്.

നേറ്റിവിറ്റി തെളിയിക്കാന്‍

സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകളിലേതെങ്കിലും ഉണ്ടെങ്കില്‍ നേറ്റീവ് വിഭാഗത്തില്‍ പരിഗണിക്കും

ജനന സര്‍ട്ടിഫിക്കറ്റ്

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖ

സത്യപ്രസ്താവന

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ അടിസ്ഥാന രേഖയായി പരിഗണിക്കും. അത്തരത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ടതില്ല. മാതാപിതാക്കള്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവരാണെങ്കില്‍, അവരില്‍ ഒരാളുടെ എസ്‌എസ്‌എല്‍സി രേഖ ജാതി തെളിവായി ഉപയോഗിക്കാം.