മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കാര്‍ ചവിട്ടിത്തകര്‍ത്തു

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കാര്‍ ചവിട്ടിത്തകര്‍ത്തു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലെത്തി നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ നല്ലതണ്ണി എസ്റ്റേറ്റില്‍ എത്തിയത്.

ഇതിനിടെ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന ചവിട്ടി പൂര്‍ണമായും തകര്‍ത്തു. നല്ലതണ്ണി സ്വദേശി ദിനകരന്റെ കാറാണ് പടയപ്പ നശിപ്പിച്ചത്. ശബ്ദം കേട്ട് പുറത്തേക്കെത്തിയ കാറുടമ ഉടന്‍ തന്നെ വനവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്താണ് പടയപ്പയുടെ സ്ഥിരസാന്നിധ്യമുള്ളത്. ജനവാസ മേഖലകളിലേക്ക് പടയപ്പ വീണ്ടും വീണ്ടും എത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികളും തോട്ടം തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.