ദേശീയപാത 85: നേര്യമംഗലം–വാളറ വനമേഖലയിൽ സർവേ നടപടികൾ ആരംഭിക്കുന്നു

ദേശീയപാത 85: നേര്യമംഗലം–വാളറ വനമേഖലയിൽ സർവേ നടപടികൾ ആരംഭിക്കുന്നു

നേര്യമംഗലം: ദേശീയപാത 85-ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഇന്ന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശവും ജില്ലാ കളക്ടറുടെ ഉത്തരവും അനുസരിച്ചാണ് അടിയന്തരമായി സർവേ ആരംഭിക്കുന്നത്.

നേര്യമംഗലം മുതൽ വാളറ വരെ 14 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത ഭാഗത്ത് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വനംവകുപ്പുമായുണ്ടായ തർക്കങ്ങളെ തുടർന്ന് പ്രവൃത്തികൾ നിലച്ചിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

1932-ൽ 100 അടി വീതിയിലുള്ള റോഡിനായി ഭൂമി വിട്ടുകൊടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരമാവധി വീതിയിൽ റോഡ് നിർമ്മാണം സാധ്യമാകുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ വീതി വർധിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് റീ-സർവേ ആരംഭിക്കുന്നത്.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്ന് (ജൂൺ 5) ആരംഭിക്കുന്ന സർവേയിൽ, റീ-സർവേ സ്കെച്ചിൽ രേഖപ്പെടുത്തിയ അളവുകൾ ഭൂമിയിൽ പുനഃസ്ഥാപിക്കുന്ന നടപടികളാണ് നടത്തുക. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടന്ന റോഡ് വികസന പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ദേശീയപാത വികസന പദ്ധതി യാഥാർഥ്യമാകുകയും, മലയോര മേഖലയിലെ യാത്രാ സൗകര്യങ്ങളും ഗതാഗത സുരക്ഷയും മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.