ഓപ്പറേഷൻ തൂഫാൻ: അടിമാലിയിൽ കഞ്ചാവ് കലർത്തിയ മിഠായികൾ പിടികൂടി
അടിമാലിയിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കലർത്തിയതായി സംശയിക്കുന്ന മിഠായികൾ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഏകദേശം 300 ഗ്രാം തൂക്കം വരുന്ന മിഠായികളാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മിഠായികളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി പിടിച്ചെടുത്ത വസ്തുക്കൾ ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
മിഠായികൾ എവിടെ നിന്നാണ് എത്തിയത്, ഓൺലൈൻ ഡെലിവറിയിലൂടെ വിതരണം ചെയ്യാൻ ശ്രമിച്ചതാര് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി പ്രവീണിനെ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
അതേസമയം കോഴിക്കോട് നഗരത്തിൽ നടത്തിയ രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസിനെയും ഇടിയങ്ങര സ്വദേശി സക്കീറിനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്.
അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നുകളാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള മേഖലകൾ മറയാക്കി ലഹരി കടത്ത് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. റെയിൽവേ സ്റ്റേഷൻ വഴി നടന്ന പത്ത് ലഹരിക്കടത്ത് കേസുകളാണ് സിറ്റി പൊലീസ് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധന ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്.


