പീരുമേട്ടിൽ തെരുവുനായയുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു

പീരുമേട്ടിൽ തെരുവുനായയുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു

പീരുമേട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. കല്ലാർ, പാമ്പനാർ, റാണികോവിൽ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തിൽ പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

റോഡ് മുറിച്ചുകടക്കുന്നവരെയടക്കം പിന്തുടർന്ന് കടിക്കുന്ന നായയുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലാർ സ്വദേശികളായ സുമ, മുരളി, ബാബു, സിറാജുദ്ദീൻ, റാണികോവിൽ സ്വദേശികളായ സന്തോഷ്, ഉമ, കുട്ടിക്കാനം സ്വദേശി രഞ്ചൻ, ചിദംബരം ജോൺ, പാമ്പനാർ സ്വദേശികളായ ഷണ്മുഖം, സുന്ദർ ഗോപാൽ എന്നിവർക്കാണ് കടിയേറ്റത്.

ആശുപത്രി ജീവനക്കാരനെയും കടിച്ചു

നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാരൻ വിനോദിനെയും നായ കടിച്ചു. കല്ലാർ പ്രദേശത്ത് നായ ചത്തുകിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, വൈസ് പ്രസിഡന്റ് മനോജ് കെ. രാജൻ, വിനോദ് എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്ന നായ ആക്രമിച്ചത്.

ആക്രമണകാരിയായ നായയെ വെടിവെച്ച് കൊല്ലുന്നതിനുള്ള അനുമതി പഞ്ചായത്ത് അധികൃതർ നേടിയിട്ടുണ്ടെന്നും ലൈസൻസുള്ള ഷൂട്ടറെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഞായറാഴ്ചയും നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ആക്രമണത്തിനും ഇന്നലത്തെ സംഭവത്തിനും പിന്നിൽ ഒരേ നായയാണോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.