ഇടുക്കിയിൽ വീണ്ടും ഷിഗെല്ല; രണ്ട് വിദ്യാർത്ഥികൾക്ക് രോഗബാധ

ഇടുക്കിയിൽ വീണ്ടും ഷിഗെല്ല; രണ്ട് വിദ്യാർത്ഥികൾക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗബാധിതരിൽ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

ഇതോടെ ഇന്ന് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 155 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, കോഴിക്കോട് ജില്ലയിലെ തൂണേരിയിലും ഒമ്പത് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ സഹോദരിയ്ക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

ഷിഗെല്ല എന്താണ്?

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. മലിനമായ ഭക്ഷണവും വെള്ളവും വഴി രോഗം പകരാം. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മുൻകരുതലുകൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ഭക്ഷണത്തിന് മുമ്പും ശൗചാലയ ഉപയോഗത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

പഴകിയതോ ശുചിത്വമില്ലാത്തതോ ആയ ഭക്ഷണം ഒഴിവാക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.