വീട് കുത്തിത്തുറന്ന് മോഷണം; 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയും കവർന്നു

വീട് കുത്തിത്തുറന്ന് മോഷണം; 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയും കവർന്നു

മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്.

നയമക്കാട് എസ്റ്റേറ്റിലെ എട്ടുമുറി ലയത്തിൽ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലിൽ വഴിയോരക്കട നടത്തി വരുന്നയാളാണ് മാരിസ്വാമി. ഭാര്യ കാളിയമ്മാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ഇരുവരും വീട് പൂട്ടി ജോലിക്കായി പോയ സമയത്താണ് മോഷണം നടന്നത്. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാൾ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിലെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണാഭരണങ്ങളും 1.66 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. മാരിസ്വാമിയും ഭാര്യ കാളിയമ്മാളും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വരികയാണ്. പ്രദേശത്ത് അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.