മൂന്നാറിൽ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

മൂന്നാറിൽ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

മൂന്നാർ: സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലും റിസോർട്ടിലുമായി എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ് കൂടാതെ ഇയാളോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനുമാണ് പോലീസ് പിടിയിലായത്.

പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയ വഴിയാണ് വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ തന്ത്രപൂർവം മൂന്നാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജൂൺ 15ന് മൂന്നാറിൽ എത്താമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. താൻ വരുമ്പോൾ സുഹൃത്തിനെയും കൊണ്ടുവരുമെന്നും അതിനാൽ മറ്റൊരു കൂട്ടുകാരിയെ കൂടി ഒപ്പം കൂട്ടണമെന്നും പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ രണ്ട് പെൺകുട്ടികളെയും പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ദിവസം താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

രണ്ട് ദിവസം തുടർച്ചയായി വിദ്യാർഥിനികൾ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.

പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.