ഹൈറേഞ്ചിലെ ഇറച്ചിവില വർധന പിൻവലിക്കണം; പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റുമാർ

ഹൈറേഞ്ചിലെ ഇറച്ചിവില വർധന പിൻവലിക്കണം; പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റുമാർ

ഹൈറേഞ്ച് മേഖലയിൽ നടപ്പാക്കിയ ഭീമമായ ഇറച്ചിവില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ രംഗത്ത്. സാധാരണക്കാരായ ജനങ്ങൾ കൂടുതലായി താമസിക്കുന്ന ഇരട്ടയാർ, കാമാക്ഷി, വാത്തിക്കുടി മേഖലകളിൽ ഇറച്ചിവില വർധിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മാംസ വ്യാപാരികൾ സംഘടിച്ച് പഞ്ചായത്ത് തലത്തിൽ നടത്തിയിരുന്ന ലേല നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ചതായും, മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്കാണ് പല സ്ഥലങ്ങളിലും ലേലം സ്വന്തമാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു. തുടർന്ന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ വില വർധിപ്പിച്ചതായും അവർ പറഞ്ഞു.

നിയമപരമായി പഞ്ചായത്തുകൾക്ക് വില നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ടെന്നും വില നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കാണെന്നും പ്രസിഡന്റുമാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

വിശേഷ ദിവസങ്ങൾ മുന്നിൽ കണ്ടുള്ള അന്യായമായ വില വർധന സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും, ഇതിനെതിരെ ജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

വില വർധന ചോദ്യം ചെയ്തപ്പോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുണ്ടെന്നും പഞ്ചായത്തിനോ മറ്റ് അധികാരികൾക്കോ ഇടപെടാനാകില്ലെന്നുമാണ് വ്യാപാരികൾ പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് ഇപ്പോൾ മാംസ വിൽപ്പന നടക്കുന്നതെന്നും, ഇത് വ്യാപാരികൾക്ക് തോന്നുംപടി വില നിശ്ചയിക്കാൻ അവസരം ഒരുക്കുന്നതായും അവർ പറഞ്ഞു. നിലവിൽ മാടുകളുടെ വിലയിൽ വർധനയില്ലാത്ത സാഹചര്യത്തിൽ ഇറച്ചിവില അന്യായമായി ഉയർത്തിയതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു.

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എൻ. ബിജു, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്