മൂന്നാറിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കി

മൂന്നാറിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കി

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്തെ 16 വഴിയോര കച്ചവട സ്ഥാപനങ്ങൾ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കി. മൂന്ന് ദിവസം മുൻപ് നൽകിയ നോട്ടീസിൽ സ്ഥലം ഒഴിയാൻ നിർദേശിച്ചിരുന്നെങ്കിലും വ്യാപാരികൾ ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി നടപടി സ്വീകരിച്ചത്.

ഉപജീവന മാർഗം തടയരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയ ഒരു സ്ഥാപനം മാത്രം പൊളിച്ചുമാറ്റിയില്ല.

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ മഴക്കാലത്ത് ഇതിന് സമീപമുണ്ടായ വലിയ മണ്ണിടിച്ചിലിൽ ലോറി മണ്ണിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പഴയ മൂന്നാർ സർക്കാർ കോളേജും ഈ പ്രദേശത്തിന് സമീപമാണ്.

ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്തെ വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു.

ഗതാഗതം സുഗമമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

റവന്യൂ, പോലീസ്, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കലിന് ദേവികുളം സബ് കലക്ടർ വി.എം. ആര്യ, മൂന്നാർ പോലീസ് ഇൻസ്പെക്ടർ ജെ. ബിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.