തൊടുപുഴയിൽ മൺസൂൺ ഫിലിം ഫെസ്റ്റിവൽ തിങ്കളാഴ്ച മുതൽ
തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ മൺസൂൺ ഫിലിം ഫെസ്റ്റിവൽ ജൂലൈ 20 മുതൽ 23 വരെ തൊടുപുഴ സിൽവർ ഹിൽസ് തിയേറ്ററിൽ നടക്കും.
തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മേള ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു.എ. രാജേന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവർ പങ്കെടുക്കും.
മേളയിൽ ദിവസേന രണ്ട് സിനിമകൾ വീതം പ്രദർശിപ്പിക്കും. ആദ്യ പ്രദർശനം വൈകിട്ട് 5.45നും രണ്ടാമത്തേത് രാത്രി 8.15നും ആരംഭിക്കും. ഉദ്ഘാടന ചിത്രമായി ജർമ്മൻ സിനിമ 'അമ്രം' പ്രദർശിപ്പിക്കും. തുടർന്ന് അമേരിക്കൻ ചിത്രം 'ബീസ്റ്റ്സ് ഓഫ് ദ സൗതേൺ വൈൽഡ്' പ്രദർശിപ്പിക്കും.
രണ്ടാം ദിവസം ഫിഫയുടെ സഹകരണത്തോടെ നിർമ്മിച്ച ബ്രിട്ടീഷ് കായികചിത്രം 'ഗോൾ – ദി ഡ്രീം ബിഗിൻസ്', ചൈനീസ് ചിത്രം 'ലൈറ്റിംഗ് അപ്പ് ദി സ്റ്റാർസ്' എന്നിവയും, മൂന്നാം ദിവസം ജാപ്പനീസ് ചിത്രം 'റെന്റൽ ഫാമിലി', അമേരിക്കൻ സ്പോർട്സ് ചിത്രം 'സോൾ സർഫർ' എന്നിവയും പ്രദർശിപ്പിക്കും.
സമാപനദിനമായ ജൂലൈ 23ന് ഇറാഖ് ചിത്രം 'ദി പ്രസിഡന്റ്്സ് കേക്ക്', സംവിധായകനായ സലിം കുമാർ ഒരുക്കിയ മലയാള ചിത്രം 'കറുത്ത ജൂതൻ' എന്നിവയുടെ പ്രദർശനത്തോടെ മേള സമാപിക്കും.
എട്ട് രാജ്യാന്തര സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഴുവൻ സിനിമകളും കാണുന്നതിനുള്ള ഡെലിഗേറ്റ് ഫീസ് 200 രൂപയാണ്.
മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 15, 16 തീയതികളിൽ പ്രശസ്ത സംവിധായകരായ ദിലീഷ് നായർ, എ.കെ. സാജൻ എന്നിവർ നയിക്കുന്ന സിനിമാ ശിൽപശാലയും സംഘടിപ്പിക്കും.
രജിസ്ട്രേഷൻ: 9447753482, 9447776524.





