കാട്ടാന ശല്യം തടയാൻ വടശ്ശേരിക്കരയിൽ എ.ഐ ക്യാമറകളും സീസ്മിക് സെൻസറുകളും; സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

കാട്ടാന ശല്യം തടയാൻ വടശ്ശേരിക്കരയിൽ എ.ഐ ക്യാമറകളും സീസ്മിക് സെൻസറുകളും; സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

റാന്നി: വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ കാട്ടാനയിറക്കം തടയാൻ ആധുനിക സാങ്കേതികവിദ്യയും സംയുക്ത കർമ്മപദ്ധതിയുമായി സർക്കാർ. വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രതിരോധ നടപടികൾക്ക് തീരുമാനമായത്.

ആനകൾ കടന്നുവരുന്ന വഴികളിൽ സെൻസർ അലേർട്ട് സംവിധാനമുള്ള രണ്ട് എ.ഐ ക്യാമറകൾ സ്ഥാപിക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ ആനകളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സീസ്മിക് സെൻസറുകളും നിരീക്ഷണത്തിനായി തെർമൽ ഡ്രോണും എത്തിക്കും.

Slide 1
Slide 2
Slide 3
Slide 4

എട്ട് കിലോമീറ്റർ നീളത്തിൽ അഞ്ച് വരികളുള്ള പുതിയ സോളാർ വേലി നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികളും ആരംഭിച്ചു. വനംവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ്, പ്രദേശവാസികളായ സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു. ആനകൾ ഇറങ്ങുന്ന മേഖലകളിൽ രാത്രികാല നിരീക്ഷണത്തിനായി രണ്ട് ഷിഫ്റ്റുകളിലായി വാച്ച്മാന്മാരെ വിന്യസിച്ചിട്ടുണ്ട്.

വനാതിർത്തികളിൽ നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജൈവവേലി ഒരുക്കാനും തീരുമാനിച്ചു. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ ഉടൻ സർവകക്ഷി യോഗം വിളിച്ചുചേർക്കും.

ആന്റോ ആന്റണി എം.പി, പഴകുളം മധു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ജനപ്രതിനിധികൾ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4