ചിത്തിരപുരം അപകടം : സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിർമ്മാണം നടക്കുന്നതിനിടെ
ഉടമയ്ക്കെതിരെ കേസെടുക്കും
മൂന്നാർ : ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്ന “മിസ്റ്റി വണ്ടേഴ്സ്” റിസോർട്ടിൽ മണ്ണിടിഞ്ഞ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസെടുക്കും.
കൊച്ചി കുമ്പളങ്ങി സ്വദേശി ഷെറിൻ അനില ജോസഫ് ഉടമസ്ഥതയിലുള്ള റിസോർട്ടാണ് അപകടം നടന്നത്. വീട് നിർമ്മിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും റിസോർട്ട് പണിയുകയായിരുന്നു.
2025 ജനുവരി 17ന് വില്ലേജ് ഓഫീസർ നിർമ്മാണം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കുറേ നാൾ പണി നിർത്തിയെങ്കിലും അടുത്തിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും നിർമാണം ആരംഭിച്ചു.
റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെന്നാരോപണം ഉയരുന്ന സാഹചര്യത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് മൂന്നാർ സ്പെഷ്യൽ തഹസിൽ സി.വി. ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തുന്നതിനുമുമ്പായിരുന്നു അപകടം.
സംരക്ഷണഭിത്തി പണിയുന്നതിനിടെ മണ്ണിടിഞ്ഞ് ബൈസൺവാലി സ്വദേശി ബെന്നി (43) ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടുമറ്റം സ്വദേശി രാജീവ് അഥവാ കണ്ണൻ (43) എന്നിവരാണ് മരിച്ചത്.





