ഇടുക്കിയിൽ രണ്ടാം ജലവൈദ്യുത നിലയം: കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ ജലവൈദ്യുത നിലയം സ്‌ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി.
ഇടുക്കി എക്‌സ്‌റ്റന്‍ഷന്‍ പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കാനും അനുമതികള്‍ നേടാനും കേന്ദ്ര ജലശക്‌തി മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനം കെ.എസ്.ഇ.ബി.എല്‍ ചുമതലപ്പെടുത്തിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
പദ്ധതിക്കു ആവശ്യമായ 14 അനുമതികളിൽ രണ്ടെണ്ണം ഇതിനകം ലഭിച്ചു. കരട് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. 800 മെഗാവാട്ട് സ്ഥാപിത ശേഷിയോടെ പദ്ധതി നടപ്പിലാക്കിയാൽ പ്രതിവർഷം 1170 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിക്കാനാകും.
എന്നാൽ, 2015ലെ ഗ്രീൻ ട്രൈബ്യൂണൽ വിധി പ്രകാരം നദികളിൽ മുഴുവൻ വർഷവും നിർദ്ദിഷ്ട അളവിൽ പരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തണമെന്നത് പ്രധാന വെല്ലുവിളിയാണ്. ഇടുക്കി അണക്കെട്ടിൽനിന്ന് പെരിയാർ നദിയിലേക്ക് ഇത് സാധ്യമല്ലെന്ന് കെ.എസ്.ഇ.ബി.എല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, പരിസ്ഥിതിക നീരൊഴുക്ക് സംബന്ധിച്ച വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന തലത്തിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തിന്റെ ഇടപെടൽ തേടുകയാണെന്ന് മന്ത്രി പറഞ്ഞു. സ്ഥാപിത ശേഷി അംഗീകരിച്ചതിന് ശേഷം മാത്രമേ ബാക്കിയുള്ള അനുമതികൾ ലഭിക്കുകയുള്ളൂ. പദ്ധതി സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.





