കുമളിയിൽ തമിഴ്നാട് ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തു
അതിർത്തിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും, തമിഴ്നാട് ഭാഗത്ത് ബസുകള്‍ റോഡരികിലായിരുന്നു നിർത്തിയിട്ടിരുന്നത്. ഇത് ശബരിമല സീസണില്‍ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീർഥാടകർക്കും പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡില്‍ തന്നെ ബസുകള്‍ തിരിക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് വേണമെന്നത് ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗതാഗതവൈദ്യുതി മന്ത്രി എസ്.എസ്. ശിവശങ്കർ അദ്ധ്യക്ഷത വഹിച്ചു.
2023ല്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 7.50 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.ഇതില്‍ 5.5 കോടി രൂപ ചെലവഴിച്ചാണ് ഗതാഗത വകുപ്പിന് കീഴില്‍ വർക്ക്‌ഷോപ്പ് ഉള്‍പ്പെടെയുള്ള ബസ് സ്റ്റാൻഡ് നിർമ്മിച്ചത്.
2023 സെപ്തംബർ 11ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങള്‍ റെക്കോർഡ് വേഗത്തില്‍ പൂർത്തിയാക്കിയാണ് ഇപ്പോള്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഉദ്ഘാടന പ്രസംഗത്തില്‍, ദ്രാവിഡ മോഡല്‍ സർക്കാർ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് മന്ത്രി ഐ. പെരിയസാമി വിശദീകരിച്ചു. ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി ശിവശങ്കറും സംസാരിച്ചു.
ഗതാഗത വകുപ്പ് മധുര റീജിയണല്‍ മാനേജിംഗ് ഡയറക്ടർ ശരവണൻ സ്വാഗതം പറഞ്ഞു. കമ്ബം എം.എല്‍.എ എൻ. രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എം.എല്‍.എ മഹാരാജൻ എന്നിവർ ആശംസകള്‍ നേർന്നു. തേനി ജില്ലാ കളക്ടർ രഞ്ജിത് സിംഗ് വിശദീകരണ പ്രസംഗം നടത്തി.





