കളഞ്ഞുകിട്ടിയ സ്വർണ്ണ താലിമാല ഉടമയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ് ജീവനക്കാർ
അടിമാലി: സ്വകാര്യ ബസിൽ യാത്രക്കിടെ കളഞ്ഞുകിട്ടിയ ഒരു പവനിൽ അധികം തൂക്കം വരുന്ന സ്വർണ്ണ താലിമാല യഥാർത്ഥ ഉടമയായ വീട്ടമ്മയ്ക്ക് തിരികെ നൽകി സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി.
അടിമാലിയിൽ നിന്ന് വട്ടപ്പാറയിലേക്ക് സർവീസ് നടത്തുന്ന സ്പീഡ് ബസിലെ കണ്ടക്ടർ സിബി വെള്ളത്തുവലും ഡ്രൈവർ അജീഷ് ചാറ്റുപാറയും ചേർന്നാണ് ഈ നന്മ പ്രവർത്തി നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിലെ യാത്രാമധ്യേയാണ് സ്വർണ്ണമാല കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.
മാല ലഭിച്ച ഉടൻ തന്നെ കണ്ടക്ടർ സിബി വിവരം വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലും സമീപവാസികളിലും അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ മാലയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞു.
ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണമാല ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകിയ ബസ് ജീവനക്കാരുടെ നടപടി നാട്ടുകാർ അഭിനന്ദിച്ചു. ഇത്തരമൊരു നന്മ പ്രവർത്തിയിലൂടെ സ്വകാര്യ ബസ് ജീവനക്കാർ സമൂഹത്തിന് മാതൃകയായിരിക്കുകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.





