സിവിൽ സപ്ലൈസ് ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം: ജോയിന്റ് കൗൺസിൽ
സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഭക്ഷ്യ പൊതു വിതരണ വകുപ്പിലെ ജൂനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലുള്ള ജീവനക്കാരുടെ സപ്ലൈകോയിലേക്കുള്ള ഡെപ്യൂട്ടേഷൻ ഓരോ ഘട്ടത്തിലും അഞ്ച് ശതമാനം വീതം കുറച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും, സിവിൽ സപ്ലൈസ് വകുപ്പിലെ തസ്തികകൾ വെട്ടിക്കുറച്ച് വകുപ്പ് തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.
2017ന് ശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ സർവീസിൽ പ്രവേശിച്ച ഒരു ജീവനക്കാരന് പോലും ഇതുവരെ പ്രമോഷൻ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉയർന്ന തസ്തികകളിലേക്കുള്ള ഡെപ്യൂട്ടേഷൻ അഞ്ച് ശതമാനം വീതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഫലമായി, വകുപ്പിലെ ജീവനക്കാരുടെ പ്രമോഷൻ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. ഇതുമൂലം ജീവനക്കാരിൽ കടുത്ത അമർഷവും പ്രതിഷേധവും നിലനിൽക്കുകയാണെന്നും നേതൃത്വം അറിയിച്ചു.
ഡെപ്യൂട്ടേഷൻ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്. കെ. എം. ബഷീർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. എസ്. രാഗേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, വൈസ് പ്രസിഡന്റ് വി. എം. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.





