ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പൂപ്പാറ മുരിക്കുംതൊട്ടി വലിയകുന്നേല്‍ ബൈജു (48) എന്നയാളെയാണ് തൊടുപുഴ അഡീഷണല്‍ ജില്ലാ ജഡ്ജി ലൈജമോള്‍ ഷെരീഫ് ശിക്ഷിച്ചത്.
2016 ഡിസംബർ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ അജിമോളുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ബൈജു. അജിമോൾ അടിമാലിയിലെ വീട്ടിലായിരുന്നു താമസം.
അജിമോളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അയൽവാസി ബൈജുവിനെ അറിയിച്ചതിനെ തുടർന്ന്, 2016 ഡിസംബർ 24ന് ബൈജു അജിമോളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷിക്കാമെന്ന പേരിൽ അജിമോളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ബൈജു, പിറ്റേദിവസം രാവിലെ ബാഗിന്റെ വള്ളി കഴുത്തിൽ കുരുക്കി അജിമോളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊലപാതകത്തിനു ശേഷം ബൈജു സംഭവവിവരം അയൽവാസിയോട് പറഞ്ഞതോടൊപ്പം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തി. എന്നാൽ വിചാരണ ഘട്ടത്തിൽ പ്രതി കുറ്റം നിഷേധിച്ചു.
കേസിൽ സാക്ഷികളായ ചില അയൽവാസികളും വീട്ടിലെ ബന്ധുക്കളും കൂറുമാറിയെങ്കിലും, പ്രോസിക്യൂഷൻ നിർണായകമായ ശാസ്ത്രീയവും പരോക്ഷവുമായ തെളിവുകൾ കോടതിയിൽ ഹാജരാക്കി.
വിച്ചാരണയ്ക്കിടെ, അജിമോളെ കൊന്നതായി ബൈജു പറഞ്ഞുവെന്ന് ഒരു അയൽവാസി മൊഴി നൽകിയതും, സംഭവം നടന്ന രാത്രിയിൽ ഇരുവരും ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടുകാർ വ്യക്തമാക്കിയതും കേസിന് നിർണായകമായി.
അതോടൊപ്പം, കൊലപാതകത്തിനുപയോഗിച്ച ബാഗിന്റെ വള്ളിയിൽ നിന്ന് അജിമോളുടെ തലമുടി കണ്ടെത്തിയതും ശക്തമായ തെളിവായി കോടതിയിൽ അവതരിപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി. എസ്. അഭിലാഷ് ഹാജരായി.
അന്വേഷണം നടത്തിയിരുന്നത് ശാന്തൻപാറ എസ്.എച്ച്.ഒമാരായിരുന്ന സി.ആർ. പ്രമോദ്, ടി.എ. യൂനുസ് എന്നിവരാണ്. സബ് ഇൻസ്പെക്ടർ ഷാജി, സിവിൽ പൊലീസ് ഓഫീസർ റിൻസ് എന്നിവർ അന്വേഷണത്തിൽ സഹായിച്ചു.





