വന്യജീവി ആക്രമണവും ഭൂപ്രശ്‌നങ്ങളും കർഷകരെ വലയ്ക്കുന്നു: വി.ഡി. സതീശൻ

വന്യജീവി ആക്രമണവും ഭൂപ്രശ്‌നങ്ങളും കർഷകരെ വലയ്ക്കുന്നു: വി.ഡി. സതീശൻ

ഇടുക്കി ജില്ലയിൽ വന്യജീവി ശല്യം മൂലം കർഷകർക്ക് ഒരു തരത്തിലുള്ള കൃഷിയും നടത്താനാകാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇൻഫാം കർഷക റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

പന്നികൾ മണ്ണിനടിയിലെ വിളകൾ നശിപ്പിക്കുന്നതും, കുരങ്ങുകൾ തെങ്ങിൽ കയറി നാളികേരം ഇടുന്നതും, ആനകൾ വാഴത്തോട്ടങ്ങൾ തകർക്കുകയും കർഷകരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. വന്യജീവി ശല്യത്തെ നേരിടാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂപ്രശ്‌നങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പും കാർഷിക ജില്ലാ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ആയിരക്കണക്കിന് കർഷകർ റാലിയിൽ പങ്കെടുത്തു. ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയ് തെങ്ങുംകുഴി, സി.യു. ജോൺ, അഡ്വ. എബ്രഹാം മാത്യു എന്നിവർ ദീപശിഖ തെളിയിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാധ്യക്ഷൻ ജോയ് വെട്ടിക്കുഴി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.