ഇന്‍ഫാം രജതജൂബിലി: കട്ടപ്പനയിൽ കര്‍ഷകരുടെ മഹാറാലി

ഇന്‍ഫാം രജതജൂബിലി: കട്ടപ്പനയിൽ കര്‍ഷകരുടെ മഹാറാലി

ഇന്‍ഫാം രജതജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി കട്ടപ്പനയില്‍ സംഘടിപ്പിച്ച കര്‍ഷക മഹാറാലി ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി.

Slide 1
Slide 2
Slide 3
Slide 4

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘടനാശക്തി വിളിച്ചോതിയ മഹാറാലിയില്‍ പതിനായിരത്തിലേറെ കര്‍ഷകര്‍ പങ്കെടുത്തു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശേരി, താമരശേരി, തിരുവല്ല എന്നീ കാര്‍ഷിക ജില്ലകളില്‍നിന്നും തമിഴ്‌നാട്, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കര്‍ഷകരും റാലിയില്‍ അണിചേര്‍ന്നു.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിച്ച റാലി കട്ടപ്പന ടൗണ്‍ ചുറ്റി സമ്മേളന നഗരിയായ കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സമാപിച്ചു. റാലിയുടെ മുന്‍നിര സമ്മേളന നഗരിയിലെത്തിയപ്പോഴും അവസാനനിര ഓസാനം സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് നീങ്ങിയിരുന്നില്ലെന്നത് പങ്കാളിത്തത്തിന്റെ വ്യാപ്തി വ്യക്തമാക്കി.

സമ്മേളനത്തിന് മുമ്പായി ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച അമര്‍കിസാന്‍ മണ്ഡപത്തില്‍ ദീപശിഖയും പുഷ്പചക്രവും സമര്‍പ്പിച്ച് മണ്‍മറഞ്ഞ കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പതിനായിരത്തിലേറെ കര്‍ഷകരുടെ സാന്നിധ്യത്തിലും ഗതാഗത തടസ്സങ്ങളില്ലാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും റാലി നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ഉപയോഗശേഷം ഉപേക്ഷിച്ച കുടിവെള്ള കുപ്പികളും മാലിന്യങ്ങളും ശേഖരിച്ച് ടൗണ്‍ ശുചീകരിക്കുന്നതിനായി പ്രത്യേക വളണ്ടിയര്‍ സംഘവും പ്രവര്‍ത്തിച്ചു.