യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ജില്ലാ കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ പ്രൊഫ. എം. ജെ. ജേക്കബ്
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ജില്ലാ കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ പ്രൊഫ. എം. ജെ. ജേക്കബ് രംഗത്തെത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച രണ്ട് സീറ്റുകളിൽ ഒരിടത്ത് വിജയം നേടിയതായി അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് മത്സരിച്ച മൂന്ന് സീറ്റുകളിലും പരാജയപ്പെട്ടുവെന്നും എം. ജെ. ജേക്കബ് ചൂണ്ടിക്കാട്ടി. ഈ യാഥാർഥ്യം മനസിലാക്കിയ ശേഷമേ പ്രതികരണങ്ങൾ നടത്തേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് ജില്ലാ ചെയർമാൻ ഏത് സാഹചര്യത്തിലാണ് അത്തരം ഒരു പരാമർശം നടത്തിയത് എന്നത് തനിക്ക് വ്യക്തമല്ലെന്നും, യുഡിഎഫിന്റെ സംഘടനാപരമായ പരിധിക്ക് പുറത്തുനിന്ന് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എം. ജെ. ജേക്കബ് അഭിപ്രായപ്പെട്ടു.
ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റുകളിലും ഐക്യ ജനാധിപത്യമുന്നണി വിജയം കൈവരിക്കേണ്ടത് അനിവാര്യമാണെന്നും, കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിൽ നിലവിൽ ഉണ്ടാകുന്ന മുന്നേറ്റം കൂട്ടുത്തരവാദിത്വത്തോടെ കൈവരിച്ച ഒന്നാണെന്നും, ആ മുന്നേറ്റം അതേ രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാനുള്ള ബാധ്യത മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടെന്നും എം. ജെ. ജേക്കബ് ഓർമ്മിപ്പിച്ചു.





