തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും
ഇരുപതാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും. രാവിലെ 10.30ന് റൊമേനിയൻ സിനിമയായ ഗ്രാജ്വേഷന്റെ പ്രദർശനത്തോടെ ചലച്ചിത്രമേള ആരംഭിക്കും.
തൊടുപുഴയിൽ നടക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി ജർമ്മൻ സിനിമയായ ‘കൊളോണിയ’ ഉച്ചയ്ക്ക് 2ന് പ്രദർശിപ്പിക്കും. വൈകിട്ട് 5ന് ചലച്ചിത്രമേളയുടെ ഔപചാരിക ഉദ്ഘാടനച്ചടങ്ങ് നടക്കും.
തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര സംവിധായകൻ സജിൻ ബാബു മുഖ്യാതിഥിയായി പങ്കെടുക്കും.
ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ എക്സിബിഷന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് നിർവഹിക്കും. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു. എ. രാജേന്ദ്രൻ, ഫിലിം സൊസൈറ്റി സെക്രട്ടറി എം. എം. മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി വി. ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള 11 വരെ തുടരും. തൊടുപുഴ സിൽവർഹിൽസ് സിനിമാസിൽ എല്ലാ ദിവസവും നാല് സിനിമകൾ വീതമാണ് പ്രദർശിപ്പിക്കുന്നത്.
ഹ്രസ്വചിത്ര മത്സരം, ഡിജിറ്റൽ എക്സിബിഷൻ, കലാസായാഹ്നങ്ങൾ, ‘മീറ്റ് ദി ഡയറക്ടർ’ പരിപാടി എന്നിവയും ചലച്ചിത്രമേളയുടെ ഭാഗമായി നടക്കും. ഫെസ്റ്റിവലിലെ മുഴുവൻ പ്രദർശനങ്ങളും കാണുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടെന്നും സംഘാടകർ അറിയിച്ചു.





