ഇടുക്കിയെ മിടുക്കിയാക്കാൻ "അക്ഷരോന്നതി"
പട്ടികജാതി–പട്ടികവർഗ ഉന്നതികളിൽ വായനാ സംസ്‌കാരം വളർത്താൻ പുതിയ പദ്ധതി
ഇടുക്കി: ജില്ലയിലെ പട്ടികജാതി–പട്ടികവർഗ ഉന്നതികളിൽ പുസ്തകങ്ങളും വായനാ സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ആർ.ജി.എസ്.എ പദ്ധതിയുടെ ഐ.ഇ.സി ഘടകത്തിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി.
ജില്ലാ കളക്ടർ അക്ഷരോന്നതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന് നൽകി പ്രകാശനം നിർവഹിച്ചു.
കേരളം നിരവധി സാമൂഹിക സൂചികകളിൽ മുന്നിലെങ്കിലും, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്നുവെന്ന യാഥാർത്ഥ്യമാണ് പദ്ധതി ഉയർത്തിക്കാട്ടുന്നത്. ഈ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി അവരുടെ ഉള്ളിൽ നിന്നുതന്നെ മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും പദ്ധതിയിലൂടെ അടയാളപ്പെടുത്തുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ, സാമൂഹിക പരിഷ്കർത്താക്കൾ സ്വന്തം സമുദായങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വിദ്യാർത്ഥികളുടെ സമയവും കഴിവുകളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി, സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയായി അവരെ വളർത്തുകയാണ് അക്ഷരോന്നതി പദ്ധതിയുടെ മുഖ്യലക്ഷ്യം. വായനാ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിലൂടെ വിജ്ഞാന സമ്പന്നവും സാമൂഹികബോധമുള്ളതുമായ തലമുറയെ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിസ് ജി, ആർ.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജർ ബോണി സാലസ്, ആർ.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് അഖിലേഷ് അയ്യപ്പൻ, ആർ.ജി.എസ്.എ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





