ക്ഷേത്ര ഭൂമി കൈയേറി ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം
കഞ്ഞിക്കുഴി: മഴുവടി ശ്രീമഹാദേവി ശാസ്ത്ര ക്ഷേത്രത്തിന്റെ ഭൂമി കൈയേറി വൈദ്യുതി വകുപ്പ് അധികൃതർ ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ആലപ്പുഴ–മധുര സംസ്ഥാന പാതയും അമ്പലക്കവല–മഴുവടി റോഡും സംഗമിക്കുന്ന ഭാഗത്തിന്റെ മധ്യഭാഗത്താണ് നിലവിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നതെന്ന് അമ്പലക്കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഇരു റോഡുകളുടെയും മധ്യത്തിലായി വീതികുറഞ്ഞ സ്ഥലത്താണ് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നതെന്നും, ഈ സ്ഥലം 1972-ൽ നങ്കി എന്ന ആദിവാസി മൂപ്പൻ ക്ഷേത്രത്തിന് ദാനമായി നൽകിയ ഭൂമിയാണെന്നും അമ്പലക്കമ്മിറ്റി വ്യക്തമാക്കി.
ഭാവിയിൽ റോഡ് വികസനം നടപ്പിലാക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളും ട്രാൻസ്ഫോർമറും വീണ്ടും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നും, ഇതുമൂലം പൊതുമുതലിന് നഷ്ടമുണ്ടാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. വൈദ്യുതി വകുപ്പ് അധികൃതർ അടിയന്തരമായി ട്രാൻസ്ഫോർമറും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അമ്പലക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.





