ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധം: ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ അവസാനവർഷ വിദ്യാർഥികളുടെ പഠിപ്പുമുടക്ക്
ഇടുക്കി: ആദ്യവർഷം തന്നെ ഉന്നയിച്ച അടിസ്ഥാന ആവശ്യങ്ങൾ പോലും പഠനം പൂർത്തിയാകാനിരിക്കെ ഇതുവരെയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിലെ അവസാനവർഷ മെഡിക്കൽ വിദ്യാർഥികൾ പഠിപ്പുമുടക്കി സമരത്തിലേക്ക്.
കേരളത്തിലെ മറ്റ് മെഡിക്കൽ കോളജുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളോടുംകൂടി വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമ്പോൾ, ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
അവസാനവർഷ പഠനത്തിന് ഏറ്റവും അത്യാവശ്യമായ പ്രധാന ലാബുകളും ഓപ്പറേഷൻ തിയറ്ററുകളും ഇതുവരെയും സജ്ജമാക്കിയിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇതിന് മുമ്പ് കാത്ത്‌ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഉടൻ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകി സമരം പിൻവലിപ്പിച്ചിരുന്നുവെങ്കിലും, ആ ഉറപ്പുകൾ എല്ലാം പാഴ്വാക്കായിരുന്നുവെന്നാണ് ആരോപണം.
കാത്ത്‌ലാബ് ആരംഭിക്കുന്നതിനായി ‘ഇടുക്കി പാക്കേജ്’ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതായി പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് കോമ്പൗണ്ടിലൂടെയുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ തുടരുന്നതിനെ തുടർന്ന് വലിയ ദുരിതമാണ് വിദ്യാർഥികൾ അനുഭവിക്കുന്നതെന്നും, തകർന്ന റോഡിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റതായും സമരക്കാർ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന കോളജ് അധികൃതരുടെ വാക്കുകൾ വിശ്വാസയോഗ്യമല്ലെന്നും, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ ലക്ഷ്മി ഫാത്തിമ, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, അഖിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.





