കഞ്ഞിക്കുഴിയിൽ നെല്ലിന് അജ്ഞാത രോഗം; 40 ഹെക്ടർ കൃഷി നശിച്ചു
ഇടുക്കിയുടെ നെല്ലറയായ മക്കുവള്ളിയിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി പാടശേഖരത്തിൽ നെല്ലിന് അജ്ഞാത രോഗബാധയെ തുടർന്ന് ഏകദേശം 40 ഹെക്ടറോളം സ്ഥലത്തെ നെൽകൃഷി പൂർണമായും നശിച്ചു. ഇടുക്കിയുടെ നെല്ലറയായി അറിയപ്പെടുന്ന മക്കുവള്ളിയിൽ നിരവധി കർഷകരാണ് ഈ ദുരിതം നേരിടുന്നത്.
കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും രോഗം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കതിരാകേണ്ട സമയത്ത് നെല്ല് പതിരായി മാറിയതോടെയാണ് കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചത്.
സർ സി. പി. രാമസ്വാമി അയ്യരുടെ കാലത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സർക്കാർ നേരിട്ട് കർഷകരെ കുടിയിരുത്തിയ പ്രദേശമാണ് മക്കുവള്ളി. പൂർണമായും വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ പ്രധാന കൃഷി നെല്ലാണ്. ചെലവ് കൂടുതലായിരുന്നാലും പരമ്പരാഗത രീതിയിൽ ഓരോ വർഷവും കർഷകർ നെൽകൃഷി തുടരുകയായിരുന്നു.
സാധാരണയായി ഒരു ഹെക്ടറിൽ നിന്ന് 1500 മുതൽ 2500 കിലോ വരെ നെല്ല് ലഭിച്ചിരുന്ന മക്കുവള്ളി പാടശേഖരത്തിൽ ഇത്തവണ 150 കിലോ പോലും ലഭിക്കില്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഒരു വർഷത്തെ അധ്വാനം പാഴായതോടെ കൃഷിക്കായി ചെലവഴിച്ച ലക്ഷത്തിലധികം രൂപ നഷ്ടമായെന്നും കർഷകർ പറയുന്നു.





