ശബരിമല തീർഥാടനത്തിനു സമാപനം; ഇന്ന് മാളികപ്പുറത്ത് ഗുരുതി, നാളെ നട അടയ്ക്കും
തിരുവാഭരണ മടക്കഘോഷയാത്ര രാവിലെ ആരംഭിക്കും
ശബരിമല തീർത്ഥാടന കാലത്തിന് സമാപനമാകുന്നു.പന്തളം കൊട്ടാരം രാജപ്രതിനിധി പുണർതംനാൾ നാരായണ വർമ്മയുടെ ദർശനത്തിന് ശേഷം രാവിലെ 6.30 ന് ക്ഷേത്രനട അടയ്ക്കും.
രാവിലെ 5 ന് നട തുറക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തും. ഗണപതിഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തേക്കുള്ള യാത്ര ആരംഭിക്കും. പെരിയസ്വാമി മരുതുവന ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് തിരുവാഭരണ പേടകുമായി എത്തിയ പാതയിലൂടെ മടങ്ങുന്നത്. സംഘം ജനുവരി 23 ന് വൈകിട്ട് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തും.
മേൽശാന്തി അയ്യപ്പ വിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് കടന്ന് നടയടയ്ക്കും. തുടർന്ന് താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറും.
പതിനെട്ടാം പടി ഇറങ്ങി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കു കൈമാറും. മാസപൂജ ചെലവുകൾക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ ഈ തീർത്ഥാടന കാലം ഔദ്യോഗികമായി സമാപിക്കും.





