എം.എല്‍.എയായിരിക്കെ അന്തരിച്ച വാഴൂർ സോമന്റെ കുടുംബത്തിന് പതിനഞ്ചാം കേരള നിയമസഭയുടെ ചരമോപചാര ഫലകം സമർപ്പിച്ചു
സർക്കാരിന് വേണ്ടി ജില്ലാ കളക്ടറുടെ പ്രതിനിധിയായി എ.ഡി.എം ഡോ. ഷൈജു പി. ജേക്കബാണ് വാഴൂർ സോമന്റെ വീട്ടിലെത്തി ഫലകം കൈമാറിയത്. കഴിഞ്ഞ ആഗസ്റ്റ് 21ന് ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസാരിച്ച ശേഷം പുറത്തേക്ക് ഇറങ്ങവെയാണ് എം.എല്‍.എ കുഴഞ്ഞ് വീണ് മരിക്കുന്നത്.
അദ്ദേഹത്തിന് പതിനഞ്ചാം നിയമസഭയിലെ പതിനാലാം സമ്മേളനം ചരമോപചാരമർപ്പിച്ചിരുന്നു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തയ്യാറാക്കിയ ചരമോപചാരം ഫലകത്തില്‍ പകർത്തി ജില്ലാ കളക്ടർക്ക് അയ്ക്കുകയായിരുന്നു. ഈ ഫലകമാണ് എ.ഡി.എമ്മും സംഘവും വാഴൂർ സോമന്റെ ഭാര്യ ബിന്ദു സോമന് കൈമാറിയത്.
ജനഹൃദയങ്ങളറിഞ്ഞ ജനപ്രതിനിധിയായിരുന്നു നമ്മെ വിട്ടു പിരിഞ്ഞതെന്ന് എ.ഡി.എം ഡോ. ഷൈജു പി. ജേക്കബ്ബ് പറഞ്ഞു. വാഴൂർ സോമന്റെ മകൻ അഡ്വ. സോബിൻ സോമൻ, ഭാര്യാ മാതാവ്, പീരുമേട് തഹസീല്‍ദാർ സന്തോഷ് വിശ്വംഭരൻ, ഡെപ്യൂട്ടി തഹസീല്‍ദാർ മജോഷ് മൈക്കിള്‍, വാഴൂർ സോമന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്ന താലൂക്ക് സപ്ലൈ ഓഫീസർ എം. ഗണേശൻ, ജില്ലാ കളക്ടറുടെ കോണ്‍ഫിഡൻഷ്യല്‍ അസി. വിജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.





