ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലയില്‍ 6,013 പേര്‍ സാക്ഷരതാ പരീക്ഷയ്ക്ക്
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6,013 പേര്‍ സാക്ഷരതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. ‘മികവുത്സവം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ഈ മാസം 25ന് നടക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടിമാലി, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാല്‍, ബൈസന്‍വാലി, രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം, വണ്ടിപ്പെരിയാര്‍, പാമ്പാടുംപാറ, ഉപ്പുതറ എന്നിവയാണ് പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍.
അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മികവുത്സവത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നാണ് (617 പേര്‍). നെടുങ്കണ്ടം (609) രണ്ടാം സ്ഥാനത്താണ്. തമിഴ് മേഖലകളില്‍ നിന്നുള്ള പഠിതാക്കളാണ് പങ്കാളികളില്‍ ഭൂരിഭാഗവും.
സാക്ഷരതാ പഠിതാക്കളില്‍ 2,183 പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. പരീക്ഷയില്‍ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് തുടര്‍ന്ന് നാലാം തരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കും.
പരീക്ഷ എഴുതുന്നവരുടെ കണക്കനുസരിച്ച്, ആകെ 6,013 പേര്‍ പങ്കാളികളായതില്‍ 1,957 പേര്‍ പുരുഷന്മാരും 4,056 പേര്‍ സ്ത്രീകളുമാണ്.
എസ്.സി വിഭാഗം: ആകെ 1,915 (പുരുഷന്‍ 744, സ്ത്രീ 1,171).
എസ്.ടി വിഭാഗം: ആകെ 892 (പുരുഷന്‍ 215, സ്ത്രീ 677).
സമൂഹത്തെ അറിവിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്ന ഈ സാക്ഷരതാ മുന്നേറ്റം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.





