പട്ടയ അപേക്ഷ: സിഎച്ച്ആർ മേഖല ഒഴിവാക്കിയതിൽ വ്യക്തത വേണം – ബിജോ മാണി
പട്ടയത്തിനായി പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് ജനുവരി 3ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ സിഎച്ച്ആർ (CHR) മേഖലയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി.
വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചിട്ടും നിലവിൽ പട്ടയത്തിന് അപേക്ഷ നൽകാത്ത സിഎച്ച്ആറിന് പുറത്തുള്ളവരിൽ നിന്നുമാത്രമാണ് പുതിയ ഉത്തരവ് പ്രകാരം അപേക്ഷ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാസങ്ങൾക്ക് മുൻപ് കട്ടപ്പനയിലെത്തി ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചപ്പോഴേ തന്നെ, സർക്കാർ കെടുകാര്യസ്ഥത മൂലം സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച വിലക്ക് കാരണം അത് നടപ്പാക്കാൻ കഴിയില്ലെന്ന് ഡി.സി.സി വ്യക്തമാക്കിയിരുന്നുവെന്നും ബിജോ മാണി പറഞ്ഞു.
എന്നാൽ, സിഎച്ച്ആറിൽ പട്ടയം നൽകാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും, കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിന് തടസ്സമില്ലെന്നും ഉടൻ പട്ടയം അനുവദിക്കുമെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള എൽഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഈ വാദങ്ങൾ നുണയാണെന്ന് വ്യക്തമാക്കുന്നതാണ് ആഴ്ചകൾക്ക് മുൻപ് റവന്യൂ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവെന്നും ബിജോ മാണി പറഞ്ഞു.
കഴിഞ്ഞ വർഷം സർക്കാർ നടത്തിയ മലയോര പട്ടയ വിവരശേഖരണ പ്രകാരം, വനഭൂമി കുടിയേറ്റ ക്രമീകരണ നിയമം അനുസരിച്ച് ജില്ലയിൽ 38 വില്ലേജുകളിലായി 26,467 പേർക്ക് പട്ടയം ലഭിക്കാനുണ്ടെന്നും, ഇതിൽ സിഎച്ച്ആർ പരിധിയിലുള്ള 27 വില്ലേജുകളിലെ 13,578 അപേക്ഷകരും ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ പട്ടയം ലഭിക്കേണ്ടവരിൽ പകുതിയോളം പേരും സിഎച്ച്ആറിലാണെന്നും, ഇതിന് പുറമെ ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ ഇവരിൽ നിന്ന് പട്ടയത്തിനായി അപേക്ഷ പോലും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.
പുതിയ ഉത്തരവ് തട്ടിപ്പെന്ന് ആരോപണം
പുതിയ ഉത്തരവ് പ്രകാരം വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നുമാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാൽ, സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപക പരാതികളുണ്ടെന്നും ബിജോ മാണി പറഞ്ഞു. വണ്ണപ്പുറം, കഞ്ഞിക്കുഴി, ഇടുക്കി എന്നീ വില്ലേജുകളിലെ നിരവധി പ്രദേശങ്ങൾ 2016 മുതൽ സംയുക്ത പരിശോധനയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതായി പരാതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയോര പട്ടയ വിവരശേഖരണത്തിൽ വണ്ണപ്പുറം വില്ലേജിൽ നിന്ന് 3,846, കഞ്ഞിക്കുഴിയിൽ നിന്ന് 2,177, ഇടുക്കി വില്ലേജിൽ നിന്ന് 2,148 അപേക്ഷകളാണ് ലഭിച്ചത്. കൂടാതെ, വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ച് പരിധിയിൽ ഇതുവരെ സംയുക്ത പരിശോധന നടന്നിട്ടില്ലെന്നും, ഈ പരിധിയിൽ വരുന്ന മന്നാകണ്ടം വില്ലേജിൽ നിന്ന് 2,776 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇവർക്കൊന്നും പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വനഭൂമി കുടിയേറ്റ നിയമപ്രകാരം 28,588.159 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിന് കേന്ദ്രസർക്കാരും സുപ്രീം കോടതിയും അനുമതി നൽകിയിട്ടുണ്ടെന്നും, ഇതിൽ 20,300 ഹെക്ടർ ഭൂമിയും സിഎച്ച്ആർ പരിധിയിലാണെന്നും ബിജോ മാണി പറഞ്ഞു. അനുമതി ലഭിച്ചതിൽ ഇനി പട്ടയം നൽകാൻ ബാക്കി നിൽക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും സിഎച്ച്ആറിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎച്ച്ആറിന് പുറത്തുള്ള പട്ടയ അർഹതയുള്ളവരാകട്ടെ, വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാകാത്ത വില്ലേജുകളിൽ നിന്നുള്ളവരാണെന്നും, പരിശോധന ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ ഇവർക്കും പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎച്ച്ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാതെയും, വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കാതെയും പുതിയ പട്ടയങ്ങൾ നൽകാൻ കഴിയില്ലെന്നിരിക്കെ, പുതിയ ഉത്തരവ് മന്ത്രി കട്ടപ്പനയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് നടത്തിയ തട്ടിപ്പ് പ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്നും ബിജോ മാണി ആരോപിച്ചു.
വനഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം പട്ടയം നൽകണമെങ്കിൽ ആദ്യം സിഎച്ച്ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കുകയും, വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കുകയും വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അതിന് സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.





