എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി
പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യാൻ അറിയാം
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി രൂക്ഷ വിമർശനം നടത്തി. പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന മുന്നറിയിപ്പും മണി നൽകി. മൂന്നാറിൽ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലായിരുന്നു പ്രതികരണം.
രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമാക്കിയതടക്കമുള്ള കാര്യങ്ങൾ ഓർമ്മിപ്പിച്ച മണി, പാർട്ടിയെ വെല്ലുവിളിക്കുന്ന നിലപാട് ശരിയല്ലെന്ന് പറഞ്ഞു. ബിജെപിയിലോ ആർഎസ്എസിലോ ചേർന്നാൽ സിപിഎമ്മിന് ഒന്നുമില്ലെന്നും, ലഭിച്ച ആനുകൂല്യങ്ങൾക്ക് നന്ദി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ‘തീർത്ത് കളയും’ എന്ന പരാമർശത്തോടെ കൈആംഗ്യവും മണി കാണിച്ചു.
അതേസമയം, മണിയുടെ ഭീഷണിയിൽ പേടിയില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. മരണത്തെ പേടിച്ചുനിൽക്കുന്ന ആളല്ലെന്നും മണി എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു തവണ ദേവികുളം എംഎൽഎയായിരുന്ന രാജേന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൊന്നാടയണിയിച്ചാണ് രാജേന്ദ്രനെ സ്വീകരിച്ചത്.
സിപിഎമ്മിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് രാഷ്ട്രീയ മാറ്റമെന്ന് രാജേന്ദ്രൻ പറഞ്ഞു. ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമായതിനാലാണ് ബിജെപി നേതൃത്വത്തെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.





