വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നിന് അടയ്ക്കും

വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നിന് അടയ്ക്കും

മൂന്നാർ: വരയാടുകളുടെ പ്രജനനകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ സന്ദർശകർക്കായി അടച്ചിടുമെന്ന് വനം വകുപ്പ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന അപൂർവ വന്യജീവിയായ വരയാടുകളുടെ പ്രജനനവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ സഞ്ചാരികളുടെ സാന്നിധ്യം വരയാടുകളുടെ സ്വാഭാവിക ജീവിതക്രമത്തെ ബാധിക്കുമെന്നതിനാലാണ് പാർക്ക് പൂർണമായും നിരീക്ഷണത്തിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ജനുവരി ആദ്യവാരം മുതൽ തന്നെ വരയാട് കുഞ്ഞുങ്ങളെ പ്രദേശത്ത് കണ്ടുതുടങ്ങിയിരുന്നു. നിലവിൽ രാജമല, മേസ്‌തിരികെട്ട്, കുമരിക്കല്ല്, വരയാട് മൊട്ട തുടങ്ങിയ മേഖലകളിൽ നിരവധി കുഞ്ഞുങ്ങൾ പുതുതായി പിറന്നിട്ടുണ്ട്. ഇവയ്ക്ക് യാതൊരു ശല്യവും ഉണ്ടാകാതിരിക്കാനാണ് ദേശീയോദ്യാനം അടച്ചിടുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1ന് വീണ്ടും സന്ദർശകർക്കായി തുറക്കും. കഴിഞ്ഞ വർഷം ഇരവികുളം ദേശീയോദ്യാനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കണക്കെടുപ്പിൽ ലോകത്താകെ ഉള്ള 2,668 വരയാടുകളിൽ 1,365 എണ്ണം കേരളത്തിലാണുള്ളതെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ തന്നെ 841 വരയാടുകളുമായി ഇരവികുളം ദേശീയോദ്യാനമാണ് ലോകത്തിലെ ഏറ്റവും കൂടുതൽ വരയാടുകളുള്ള വന്യജീവി സങ്കേതം. കേരളത്തിലെ വരയാടുകളുടെ 90 ശതമാനവും മൂന്നാർ മേഖലയിലാണുള്ളത്.