ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം: ജില്ലാ മെഡിക്കൽ ഓഫീസർ
ജില്ലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ദന്തചികിത്സാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷൻ & റെഗുലേഷൻ) ആക്ട് 2018 പ്രകാരം രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. സതീഷ് കെ. എൻ അറിയിച്ചു.
ആത്യാഹിതം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗിക്ക് പ്രാഥമിക ചികിത്സ നൽകുകയും അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കുകയും ചെയ്യേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണ്. മുൻകൂർ തുക അടച്ചില്ല, രേഖകളില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കാൻ പാടില്ല. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
ചികിത്സയ്ക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് കൈമാറേണ്ടതും ആശുപത്രിയുടെ ബാധ്യതയാണ്.
കൺസൾട്ടേഷൻ, പരിശോധന, ചികിത്സ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ബന്ധപ്പെട്ട നിരക്കുകൾ വ്യക്തമാക്കുന്ന ഇനം തിരിച്ച ബില്ല് രോഗിക്ക് നൽകണം.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും പേഷ്യന്റ് ഇൻഫർമേഷൻ ബ്രോഷർ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ ലഭ്യമാക്കുകയും, സ്ഥാപനത്തിനുള്ളിൽ പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ താഴെപ്പറയുന്ന വിവരങ്ങൾ പ്രദർശിപ്പിക്കുകയും വേണം:
ലഭ്യമായ സേവനങ്ങൾ
അടിസ്ഥാന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളും പാക്കേജുകളും
(പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല)
നിലവിലുള്ള കിടക്കകൾ, ഐ.സി.യു, ഓപ്പറേഷൻ തീയേറ്റർ വിവരങ്ങൾ
രോഗിയുടെ അവകാശങ്ങൾ
പരാതികൾ അറിയിക്കേണ്ട ഓഫീസറുടെ പേര്, തസ്തിക,
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഫോൺ നമ്പർ
രോഗികളുടെ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക പരാതി പരിഹാര ഡെസ്ക് എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും നിർബന്ധമാണ്. പരാതി ലഭിച്ച ശേഷം 7 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണം. ഗുരുതര പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ക്ക് കൈമാറണം.
വിശദാംശങ്ങൾ clinicalestablishments.kerala.gov.in/act-rules എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹൈക്കോടതി നിർദ്ദേശപ്രകാരം, ജില്ലയിലെ എല്ലാ ആശുപത്രികളും, ക്ലിനിക്കുകളും, ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018-ലെ 39, 47 വകുപ്പുകൾ പൂർണമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.





