യുവജനങ്ങളുടെ ജീവിതശൈലീമാറ്റങ്ങളും മാനസികക്ഷേമവും: ശാസ്ത്രീയ പഠനത്തിന് തുടക്കമിട്ട് സംസ്ഥാന യുവജന കമ്മീഷന്‍

ജില്ലാതല അദാലത്തില്‍ പത്ത് പരാതികള്‍ തീര്‍പ്പാക്കി

യുവജനങ്ങളുടെ ജീവിതശൈലീമാറ്റങ്ങളും മാനസികക്ഷേമവും: ശാസ്ത്രീയ പഠനത്തിന് തുടക്കമിട്ട് സംസ്ഥാന യുവജന കമ്മീഷന്‍

യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും കുറിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ അറിയിച്ചു. ഇടുക്കി കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.

Slide 1
Slide 2
Slide 3
Slide 4

യുവജനങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, വിവാഹജീവിതത്തിലും വ്യക്തിജീവിതത്തിലും വളരുന്ന സംഘര്‍ഷങ്ങള്‍, അവ പരിഹരിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ, വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമത്തിലെ മാറ്റങ്ങള്‍, ഡിജിറ്റല്‍ വിനിമയ ശീലങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് പഠനവിഷയങ്ങളെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തില്‍, സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എംഎസ്ഡബ്ല്യു, എംഎസ്സി സൈക്കോളജി വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് പഠനം നടത്തുന്നത്. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ശാസ്ത്രീയമായി പഠനവിധേയമാക്കി, കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകളും നടപ്പിലാക്കി വരുന്നതായും, സൗജന്യ നിയമസഹായത്തിനായി 1800 123 5310 എന്ന ടോള്‍ഫ്രീ നമ്പര്‍ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനസജ്ജമാണെന്നും അറിയിച്ചു.

ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതുതായി നാല് പരാതികളും ലഭിച്ചു. സ്വകാര്യ പരിശീലന സ്ഥാപനത്തില്‍ നിന്ന് അന്യായമായി ഈടാക്കിയ ഫീസ് തിരികെ ലഭിക്കല്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, സൈബര്‍ തട്ടിപ്പ്, ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കല്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും അദാലത്തില്‍ പരിഗണിച്ചത്.