ബഡ്ജറ്റ് ; മലയോര മേഖലക്ക് ഒന്നുമില്ല,ഇടുക്കിയെ വഞ്ചിച്ചെന്ന് BDJS
ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇടുക്കിയുടെ, പ്രത്യേകിച്ച് മലയോര മേഖലയിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടിയിരിക്കുകയാണെന്നും കമ്മിറ്റി വിമർശിച്ചു.
ഇടുക്കിയുടെ അനന്തമായ വിനോദസഞ്ചാര സാധ്യതകൾ ജനോപകാരപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ബഡ്ജറ്റിലില്ലെന്ന് BDJS ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് കര്‍ഷക സമൂഹത്തെ ചേർത്ത് പിടിക്കാനും സർക്കാർ തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെയും ആദിവാസി ജനവിഭാഗങ്ങളെയും ബഡ്ജറ്റിൽ പാടേ അവഗണിച്ചിരിക്കുകയാണ്. കൂടാതെ, ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനോ ശുദ്ധജല ക്ഷാമത്തിന് പരിഹാര നിർദ്ദേശങ്ങളോ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പോലെ മറ്റൊരു തട്ടിപ്പാണ് ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റെന്നും BDJS കുറ്റപ്പെടുത്തി.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർത്ഥേശൻ ശശികുമാർ എന്നിവർ പങ്കെടുത്തു. നേതാക്കളായ ബിനീഷ് കെ.പി, സന്തോഷ് തോപ്പിൽ, സന്ദീപ് ഇ.യു, ജോബി വാഴാട്ട്, അഭിലാഷ് കാലാച്ചിറ, സിന്ധു കെ.എസ്, സുബീഷ് എം.ബി എന്നിവർ സംസാരിച്ചു.





