ലാബുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; മൂന്ന് ലാബുകൾ അടച്ചുപൂട്ടി
വണ്ടിപ്പെരിയാർ മേഖലയിലെ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത മെഡിക്കൽ ലാബുകളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമായിരിക്കെ നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ 2018ൽ കാലഹരണപ്പെട്ട ടൈഫോയിഡ്, മഞ്ഞപിത്തം, എലിപ്പനി, ഡെങ്കി തുടങ്ങിയ രോഗങ്ങൾ നിർണയിക്കുന്ന ടെസ്റ്റ് കിറ്റുകളും റീജന്റുകളും ഉപയോഗിച്ച് രോഗനിർണയം നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ടൗണിലെ മൂന്ന് മെഡിക്കൽ ലാബുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി അടച്ചുപൂട്ടി.
തുടർ പരിശോധനകൾ തുടരുകയാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വണ്ടിപ്പെരിയാർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിമോൻ അറിയിച്ചു. ലാബ് ടെക്‌നിഷ്യൻ എം. രാജ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റൊണാൾഡ്, ട്വിങ്കൾ തോമസ്, അഞ്ജലി, അരവിന്ദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ദന്ത ആശുപത്രി ഉൾപ്പെടെ പതിനേഴ് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.





