ആയിരങ്ങൾ അണിനിരന്ന സ്വീകരണയോഗം; മൂന്നാറിൽ ബിജെപി ശക്തിപ്രകടനം
മൂന്നാര്‍: നാല് പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ വേണ്ടി സംഘടിപ്പിച്ച സ്വീകരണ ചടങ്ങോടെ മൂന്നാര്‍ ടൗണ്‍ സ്തംഭിച്ചു. മൂന്നാര്‍ മുസ്ലിം പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച സ്വീകരണ റാലി വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു മണിക്കൂറോളം നീണ്ട പ്രകടനത്തിന് ശേഷമാണ് റാലി പൊതുസമ്മേളന വേദിയിലെത്തിയത്.
രണ്ടായിരത്തിലധികം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പിയുടെ ആദ്യ പൊതുപരിപാടിയില്‍ എസ്. രാജേന്ദ്രന്‍ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആയിരത്തിലധികം പേര്‍ക്ക് അദ്ദേഹം അംഗത്വം നല്‍കി സ്വീകരിച്ചു.
ദേവികുളം മണ്ഡലത്തില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും ആ പോരാട്ടത്തെ എസ്. രാജേന്ദ്രന്‍ നയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വീകരണ സമ്മേളനത്തില്‍ സംസാരിച്ച എസ്. രാജേന്ദ്രന്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കാന്‍ പോലും സി.പി.എം തന്നെ തടഞ്ഞുവെന്നും 40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ താന്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും സോഷ്യല്‍ ഓഡിറ്റിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പണം ഉപയോഗിച്ചാണ് സി.പി.എം നേതാക്കള്‍ യാത്ര ചെയ്യുന്നതെന്നും, മൂന്നാര്‍ സഹകരണ ബാങ്കിലെ അഴിമതികള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
സി.പി.എം നേതാക്കളുടെ വെല്ലുവിളികളെയോ ഭീഷണികളെയോ ഭയപ്പെടുന്നില്ലെന്നും, താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണ് സി.പി.എം സെക്രട്ടേറിയറ്റ് അംഗത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഉള്‍പ്പെടെ പെന്‍ഷന്‍ ലഭിക്കുന്നതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.എന്‍. ഗുരുനാഥനെയും ചടങ്ങില്‍ സ്വീകരിച്ചു.
ബി.ജെ.പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബി.ജെ.പി ആലപ്പുഴ മേഖല പ്രഭാരി എന്‍. ഹരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ്, ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് ഉള്‍പ്പെടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തു.





