'കോടതി വിധിക്ക് വിധേയം’ കടലാസിൻ്റെ വില പോലുമില്ലാത്ത പട്ടയം – ഇടുക്കിക്കാരോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി

'കോടതി വിധിക്ക് വിധേയം’ കടലാസിൻ്റെ വില പോലുമില്ലാത്ത പട്ടയം – ഇടുക്കിക്കാരോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി

ഇടുക്കി: ഉപാധിരഹിത പട്ടയം നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മറികടന്ന്, ‘കോടതി വിധിക്ക് വിധേയം’ എന്ന സീലടിച്ച രേഖ മാത്രമേ ഇപ്പോൾ നൽകാൻ എൽഡിഎഫ് സർക്കാർ തയ്യാറാകുന്നുള്ളൂവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. ഇതിന് യാതൊരു നിയമ മൂല്യവുമില്ലെന്നും, ബാങ്കുകളിൽ പണയപ്പെടുത്താനോ ക്രയ–വിക്രയങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത ഇത്തരം പട്ടയം ഇടുക്കി ജനതയോടുള്ള തുറന്ന വഞ്ചനയും വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടത്താനിരിക്കുന്ന പട്ടയമേളയിലാണ് ഇത്തരത്തിലുള്ള പട്ടയം നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇടുക്കിയിലെ കർഷക ജനതയെ ഗുരുതരമായ നിയമകുരുക്കിലാക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്നും, യോഗ മിനിറ്റുകൾ പരിശോധിച്ചാൽ ഇത് വ്യക്തമായിത്തീരുന്നുവെന്നും ബിജോ മാണി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

‘കോടതി വിധിക്ക് വിധേയം’ എന്ന രേഖയോടുകൂടിയ പട്ടയം ഭാവിയിൽ ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുതന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കോടതികളിലെ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വരും തെരഞ്ഞെടുപ്പിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരിടുന്ന തോൽവി ഭയന്നാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം ശ്രമങ്ങളെന്നും ബിജോ മാണി ആരോപിച്ചു.

സർക്കാർ കേസുനടത്തിപ്പിലെ ഗുരുതര വീഴ്ചകൾ

1) സി.എച്ച്.ആർ മേഖലയിലെ പട്ടയ വിലക്ക്

2002ൽ സിഎച്ച്ആർ ഭൂമി റിസർവ് വനമാണെന്നും ഇവിടെ വ്യാപകമായ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംഘടന സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കേസ് നിലനിൽക്കെ 2009ൽ അതേ സുപ്രീം കോടതി തന്നെ സിഎച്ച്ആറിൽ ഉൾപ്പെട്ട 20,300 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ അനുമതി നൽകിയിരുന്നു.

ഒന്നര വർഷം മുൻപ് പട്ടയ വിലക്ക് ഉണ്ടായപ്പോൾ ഈ അനുമതിയുടെ വിവരം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ വിധി മാറിയേനെ. ഇപ്പോഴും വിലക്ക് നീക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിഎച്ച്ആറിന്റെ ആകെ വിസ്തൃതി, നൽകിയ പട്ടയങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ് തുടങ്ങിയ കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അത് പാലിച്ചിട്ടില്ല. ഈ ഗുരുതര വീഴ്ചകളാണ് പട്ടയ വിലക്കിന് കാരണമായതെന്നും ബിജോ മാണി പറഞ്ഞു.

2) 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ – ഹൈക്കോടതി വിലക്ക്

2010ൽ അതേ പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള സർക്കാർ ഭൂമി കയ്യേറ്റം തടയണമെന്ന് ആവശ്യപ്പെട്ടു. ഈ കേസിൽ കയ്യേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയെന്ന വാദമാണ് പട്ടയ വിലക്കിന് ഇടയാക്കിയത്.

കയ്യേറ്റവും കുടിയേറ്റവും വ്യത്യസ്തമാണെന്നും, സർക്കാർ പട്ടയം നൽകുന്നത് കുടിയേറ്റ ഭൂമിക്കാണെന്നും, വ്യാജ പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും, 1-8-1971ന് മുൻപ് കൈവശമുള്ള ഭൂമിക്കാണ് പട്ടയം നൽകിയതെന്നും, നിയമപരമായ എല്ലാ നടപടികളും പാലിച്ചാണെന്നുമുള്ള കാര്യങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ ഈ വിലക്ക് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമകുരുക്കിലാക്കിയ പട്ടയവിതരണം

ഇടതുസർക്കാർ അധികാരത്തിൽ വന്നത് ജില്ലയിൽ അർഹരായ എല്ലാവർക്കും ഉപാധിരഹിത പട്ടയം നൽകുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു. എന്നാൽ പത്ത് വർഷം പിന്നിട്ടിട്ടും പട്ടയവിതരണം പൂർത്തിയാക്കാൻ കഴിയാതിരുന്നതിന് പുറമെ, നിലവിലെ അവസ്ഥയെ സർക്കാർ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണെന്നും ബിജോ മാണി പറഞ്ഞു.

കല്ലാർകുട്ടി, പൊന്മുടി, ചെങ്കുളം 10 ചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെ 3 ചെയിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ വൈദ്യുതി വകുപ്പിന്റെ അനുമതി അനിവാര്യമാണ്. ഈ അനുമതി നേടാതെയാണ് പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം. വനംവകുപ്പുമായി തർക്കമുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളും, ലാൻഡ് റജിസ്റ്ററിലെ പിഴവുകൾ മൂലം പട്ടയം ലഭിക്കാത്ത തോപ്രാംകുടി–പച്ചടി മേഖലകളിലെ പ്രശ്നങ്ങളും ഇതുവരെ പരിഹരിച്ചിട്ടില്ല.

ഉപാധിരഹിത പട്ടയം നൽകുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്നവർ മലയോര ജനതയെ കോടതി വിധികൾക്ക് വിട്ടുകൊടുക്കുകയാണെന്നും, ഈ വഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്നും ബിജോ മാണി പറഞ്ഞു.

പത്രസമ്മേളനത്തിൽ കട്ടപ്പന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.