ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയ്ക്ക് ഇടുക്കിയിൽ വൻ സ്വീകരണം
ജോസ് കെ. മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയെ ഇടുക്കി ജില്ലയിൽ പതിനായിരങ്ങൾ ആവേശപൂർവം സ്വീകരിച്ചു. ആദ്യ ദിനം ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്ക്ക് രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഔദ്യോഗിക സ്വീകരണം നൽകിയത്.
കേരളത്തിന്റെ വികസന മുന്നേറ്റം തുടരാൻ ഇടതുപക്ഷത്തിന്റെ തുടർഭരണമാണ് നാടിന് ആവശ്യമെന്ന് ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചത്.
ജില്ലാ അതിർത്തിയായ 35-ാം മൈലിൽ നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജാഥയ്ക്ക് വൻ സ്വീകരണം നൽകി. ജാഥയെ കാത്തുനിന്ന വൻ ജനാവലിയെ സാക്ഷിയാക്കി ആദ്യ സ്വീകരണ സമ്മേളനം പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പേരിയറിൽ നടന്നു. മലയോര മേഖലയുടെ ആവശ്യങ്ങളും വികസന മുന്നേറ്റങ്ങളും ജോസ് കെ. മാണി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.
ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടം ആയിരുന്നു രണ്ടാം സ്വീകരണ കേന്ദ്രം. എൽഡിഎഫ് സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു നെടുങ്കണ്ടത്ത് തടിച്ചുകൂടിയ ജനകൂട്ടം. വൻ ജനാവലിയാണ് ഇവിടെയും ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്.
നെടുങ്കണ്ടത്തെ സ്വീകരണത്തിനുശേഷം ജാഥയുടെ ആദ്യ ദിന പര്യടനത്തിന് സമാപനം കുറിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച അടിമാലി, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.






