മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു; പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ഉടുമ്പന്നൂരിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാജേഷ് (43) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. പൂപ്പാറയിൽ താമസിക്കുന്ന രാജേഷ് നാലു ദിവസം മുമ്പ് സഹോദരന്റെ വീട്ടിലേക്ക് എത്തിയിരുന്നു. സഹോദരന്റെ വീട്ടിലാണ് വേലപ്പനും താമസിച്ചിരുന്നത്. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷിനെ വേലപ്പൻ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇത് കൈയാങ്കളിയിലേക്കു മാറുകയും ചെയ്തു.
ഇതിനിടെയാണ് രാജേഷ് സമീപത്ത് കിടന്ന കല്ലെടുത്ത് വേലപ്പന്റെ തലക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ വേലപ്പൻ ബോധരഹിതനായി നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവും ബഹളംവെച്ചതോടെ അയൽക്കാർ സ്ഥലത്തെത്തി.
വേലപ്പനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രാജേഷ് അതിന് സമ്മതിച്ചില്ലെന്ന് പറയുന്നു. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രാജേഷിനെ കീഴ്പ്പെടുത്തിയ ശേഷം വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റി.
വേലപ്പനെ ഉടൻ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ഇതിനായി 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് തർക്കമുണ്ടായി. ഇതിന് ഇടയിൽ വേലപ്പൻ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






