ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രതാ നിർദേശം
ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളില്‍ ജില്ലാ ആരോഗ്യവിഭാഗവും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. രോഗബാധിതരില്‍നിന്ന് രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളും സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചിത്വം കര്‍ശനമായി പാലിക്കണം. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധശീലങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗം എന്താണ്?
ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് കൂടുന്നതാണ് ശരീരത്തില്‍ മഞ്ഞനിറം പ്രകടമാകാന്‍ കാരണം.
പ്രധാന ലക്ഷണങ്ങള്‍:
പനി
ക്ഷീണം
വിശപ്പില്ലായ്മ
വയറിളക്കം
മഞ്ഞനിറത്തിലുള്ള മൂത്രം
ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം
രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കാം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസുകളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതിരോധിക്കാം
രോഗബാധിതര്‍ പൂര്‍ണമായും സുഖം പ്രാപിക്കും വരെ കുറഞ്ഞത് രണ്ടാഴ്ച വിശ്രമിക്കുക.
കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
രോഗികള്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കുവയ്‌ക്കാതിരിക്കുക.
രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
കുടുംബാംഗങ്ങളില്‍നിന്ന് അകലം പാലിക്കുകയും പ്രത്യേകം പ്ലേറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ചെയ്യുക.
സാധ്യമെങ്കില്‍ പ്രത്യേകം ശുചിമുറി ഉപയോഗിക്കുക.
ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും മലമൂത്രവിസര്‍ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് കൈകള്‍ കഴുകുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.
തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തരുത്.
ഭക്ഷണപദാര്‍ഥങ്ങള്‍ ഈച്ച മുതലായവയില്‍നിന്ന് സംരക്ഷിച്ച് മൂടിവെക്കുക.
ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കരുത്.
ഹോട്ടലുകള്‍, തട്ടുകടകള്‍, കൂള്‍ബാറുകള്‍, ഐസ് ഫാക്ടറികള്‍, ജലവിതരണ ടാങ്കറുകള്‍ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക.
ചടങ്ങുകള്‍, കല്യാണം, സല്‍ക്കാരം തുടങ്ങിയ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന അവസരങ്ങളില്‍ രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സമീപ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുക. സ്വയംചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.






